2013, ജനുവരി 30, ബുധനാഴ്‌ച

പ്രതീക്ഷ

 



പണ്ടെങ്ങോ കുടുങ്ങിപ്പോയൊരെൻ

ഹൃദയാന്തരളത്തിലാ മുഖം

കവിയാണു,നടനാണു.പ്രാസംഗികൻ

പിന്നെയെന്തൊക്കൊയോ

ലോകം കണ്ട മഹാത്മാക്കളിലൊന്ന്.

കോഴി കൂവുന്നു രണ്ടാമതും

പത്രോസ്സിൻ ശബ്ദം മുഴങ്ങുന്നു മൂന്നാമതും

നീയാര്‌...നീയാര്‌.....നീയാര്‌.

പൊട്ടിത്തെറിക്കുന്നു നെഞ്ചകം

കണ്ടിട്ടുമില്ല കേട്ടിട്ടുമില്ല ഈ

ബാല്യകാല സൌഹൃദം

എങ്ങോ മറഞ്ഞൊരോർമ്മത്തെറ്റായി

മയില്പീലിത്തുണ്ടുകൾ

ഭൂതകാലത്തിൻചാരക്കൂട്ടിൽ

പുനർജനിക്കുമോ സത്യം

അവനെന്റെയുള്ളിലും

ഞാനവന്റെയുള്ളിലും

നട്ട പവിത്രമാം സ്നേഹ വിത്ത്

തളിർത്തു പൂവിട്ടു പിന്നെ

ഒന്നിച്ചുകൊയ്തു വിളവെടുത്തോ-

രേകാന്ത ദിവ്യമാം സന്ധ്യകൾ..

പ്രശസ്തിക്കോമരം തുള്ളിയാടുന്നു

ചൂഴ്ന്നെടുക്കുന്നു കണ്ണുകൾകാഴ്ചകൾ

അഹന്തതന്നന്തകാരത്തി-

ലെങ്ങോ മറയുന്നു ഗതകാലജാലകം

തീക്കാറ്റടിക്കുന്നു പൊള്ളുന്നു ഹൃത്തടം

ധമനികളൊന്നായ് പൊട്ടിച്ചിതറുന്നു

ശവമായ് ,ശവമഞ്ചമായ്

അഗ്നിയിലൊരുതുണ്ടു തീനാളമായ്

പിന്നെ മോഹ ഭംഗത്തിന്റെ

കടും കനലായ്,ചുടുംചാരമായ്

ഏതോ കാറ്റിലുലയുംധൂമമായ്

നിഴലായ് നിശബ്ധതയായ്

അന്ധകാരത്തിൽ തേങ്ങും

നിശ്വാസ ഗീതമായ്

കാത്തിരിക്കുന്നേതോപുലരിതൻ

സ്വപ്നച്ചാർത്തിലേ സ്നേഹ മന്ത്രണം



നിർമല ജെയിംസ്


അഭിപ്രായങ്ങളൊന്നുമില്ല: